Kerala
ബംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങൾ പങ്കുവച്ചുകൊണ്ടാണ് കോടതി, റിപ്പോർട്ടർ ടിവിക്ക് പിഴയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വാർത്തകൾ നീക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവിട്ടു.
റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളുടെ 994 വാർത്താ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹര്ജി നല്കിയത്.
തുടക്കത്തില് റിപ്പോർട്ടർ ടിവിക്ക് അനുകൂലമായി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതേത്തുടര്ന്ന് ഹര്ജിയില് ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേർന്നിരുന്നു. പിന്നാലെ റിപ്പോർട്ടർ ടിവി ഹര്ജി പിന്വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്ജിയില് പിഴ ചുമത്തണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ വിധി.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ചാനൽ ഉടമ ആന്റോ അഗസ്റ്റിൻ, കണ്സൾട്ടിംഗ് എഡിറ്റർ അരുണ് കുമാർ, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, സുജയ പാർവതി, ന്യൂസ് കോ-ഓർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം ഒന്പതു പേർക്കെതിരേയാണു കേസ്.
രാജീവ് ചന്ദ്രശേഖറിനു ബന്ധമില്ലാത്ത ബിപിഎൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻകൂടിയായ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേഷണം ചെയ്തു എന്നു കാട്ടിയാണു മുംബൈ ആസ്ഥാനമായ ആർഎച്ച്പി പാർട്ട്ണേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്.
ഏഴു ദിവസത്തിനുള്ളിൽ വാർത്ത പിൻവലിച്ച് മാപ്പു പറയണമെന്നും നോട്ടീസിലുണ്ട്. നേരത്തെതന്നെ തനിക്ക് കന്പനിയുമായും ഭൂമി ഇടപാടുമായും യാതൊരു ബന്ധവുമില്ല എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.